
സിപിഎമ്മിന്റെ പുതിയ ജനറൽ സെക്രട്ടറിയായി എം എ ബേബി എത്തും. ഇന്നലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. പ്രകാശ് കാരാട്ടാണ് അടുത്ത ജനറൽ സെക്രട്ടറിയായി എംഎ ബേബിയുട പേര് നിർദ്ദേശിച്ചത്. 16 അംഗ പോളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷം നേതാക്കളും പ്രകാശ് കാരാട്ടിന്റെ നിർദ്ദേശത്തെ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, പാർട്ടിയുടെ ബംഗാൾ ഘടകം ഈ നിർദ്ദേശത്തെ ശക്തമായി എതിർത്തു. അഞ്ചു നേതാക്കൾ മാത്രമാണ് എംഎ ബേബിയെ ജനറൽ സെക്രട്ടറിയാക്കണം എന്ന നിർദ്ദേശത്തെ എതിർത്തത്. ഇതോടെ ഭൂരിപക്ഷ തീരുമാനം അനുസരിച്ച് എംഎ ബേബിയുടെ പേരിന് യോഗം അംഗീകാരം നൽകുകയായിരുന്നു.
ബേബിയുടെ മാത്രം പേരാണ് പാർട്ടി കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു നിർദേശിച്ചത്.ബംഗാളിൽനിന്നുള്ള അംഗങ്ങളായ സൂര്യകാന്ത മിശ്ര, നിലോൽപൽ ബസു, മുഹമ്മദ് സലീം, രാമചന്ദ്ര ഡോം, മഹാരാഷ്ട്രയിൽനിന്നുള്ള അശോക് ധാവ്ളെ എന്നിവരാണ് ബേബിയെ ജനറൽ സെക്രട്ടറിയാക്കുന്നതിനെ എതിർത്തത്. മറിയം ധാവ്ളെ, ജിതേൻ ചൗധരി, അംറാ റാം, വിജു കൃഷ്ണൻ, അരുൺ കുമാർ, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയിൽ ഉൾപ്പെടുത്തിയേക്കും. അതേസമയം, പാർട്ടി കോൺഗ്രസിന് ആതിഥേയത്വം വഹിച്ച തമിഴ്നാട്ടിൽനിന്ന് പിബിയിൽ ആരുമുണ്ടാവില്ല.
പ്രായപരിധി ഇളവോടെ പി.കെ.ശ്രീമതിയും മുഹമ്മദ് യൂസുഫ് തരിഗാമിയും കേന്ദ്ര കമ്മിറ്റിയിൽ തുടരുന്നതിനും തീരുമാനമായെന്നാണു സൂചന. കെ കെ ശൈലജയെ പോളിറ്റ് ബ്യൂറോയിൽ ഉൾപ്പെടുത്തില്ല. എന്നാൽ, പിണറായി വിജയന് ഇളവ് നൽകാനും തീരുമാനമായി. പിബിയിൽനിന്നു വിരമിക്കുന്നവരിൽ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, മണിക് സർക്കാർ തുടങ്ങിയവരിൽ ചിലരെ പ്രത്യേക ക്ഷണിതാക്കളാക്കിയേക്കും.











